Origin Story of Velinalloor Sree Rama Temple
നിരവധി ചരിത്ര പ്രാധാന്യവും, ഐതിഹ്യങ്ങള്‍ക്ക് പേര് കേട്ടതുമാണ് വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും. രാമായണ കഥയുമായി ബന്ധമുള്ള സ്ഥലങ്ങള്‍ നിരവധിയാണ്. സുഗ്രീവന് വാണ സ്ഥലം 'ഉഗ്രംകുന്ന്' ആയും ബാലി വസിച്ച സ്ഥലം 'ബാലിയാന്‍കുന്ന്' ആയും ജടായുവുമായി പോര് നടന്ന സ്ഥലം 'പോരേടം' ആയും ജടായുവിന്റെ ചിറകറ്റു വീണ സ്ഥലം ജടായുമംഗലം എന്ന ചടയമംഗലം എന്നും കണക്കാക്കപ്പെടുന്നു.
ശ്രീരാമചന്ദ്രന് വനവാസക്കാലത്ത് സീതയെ അന്വേഷിച്ചു അലയുമ്പോള്‍ വെളിനല്ലൂരിലെ ഉഗ്രംകുന്നില്‍ വരികയും സുഗ്രീവന്റെ വാസസ്ഥലമായ ഇവിടെ വന്നു അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്തു. ബാലിയെ ഭയന്ന് കഴിയുന്ന സുഗ്രീവനെ ബാലിയില്‍ നിന്നും രക്ഷപെടുത്താമെന്നു ശ്രീരാമനും, അതിനു പ്രത്യുപകാരമായി സീതയെ അന്വേഷിച്ചു കണ്ടെത്താമെന്ന് സുഗ്രീവനും സമ്മതിക്കുന്നു. എന്നാല്‍ ബാലിയെ വധിക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലെന്നു സുഗ്രീവന് ഉറച്ചു വിശ്വസിച്ചിരുന്നു, കാരണം ബാലിയുമായി ഏറ്റുമുട്ടുന്ന ആളിന്റെ ബലം കൂടി ബാലിയില്‍ എത്തിച്ചേരുമെന്ന കാര്യം സുഗ്രീവന് അറിയാമായിരുന്നു, അദ്ദേഹം ഇക്കാര്യം ശ്രീരാമചന്ദ്രനോട് പറയുകയുണ്ടായി. എന്നാല്‍ മലംച്ചുഴിയില്‍ നില്ക്കുന്ന സപ്തസാലങ്ങളും ഒരു അമ്പു കൊണ്ട് എയ്തു വീഴ്ത്തുവാന്‍ കഴിയുമെങ്കില്‍ ബാലിയെ വധിക്കുവാനും അങ്ങേയ്ക്ക് കഴിയുമെന്ന് സുഗ്രീവന് അറിയിച്ചു. ജലത്തില്‍ വളയം ഇട്ടുകിടക്കുന്ന ഒരു സര്‍പ്പത്തിനന്റെ പുറത്താണ് ഈ ഏഴു സാലങ്ങള്‍ നില്‍ക്കുന്നതെന്ന് അറിയാമായിരുന്ന ഭഗവാന് ഒരു അമ്പു കൊണ്ട് സര്‍പ്പത്തെ കുത്തുന്നു, അതോടെ സര്‍പ്പം നീണ്ടു നിവരുകയും സപ്തസാലങ്ങള്‍ ഒരു വരിയായി നിവര്‍ന്നു വരികയും ചെയ്തു. ഏഴു മരങ്ങളും ഒരു വരിയില്‍ ആയതോടെ ശ്രീരാമചന്ദ്രന് അമ്പു എയ്തു ഏഴു സാലങ്ങളെ മറികിടക്കുന്നു. ഈ സ്ഥലമാണ് വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനു മുമ്പില്‍ ഇന്ന് കാണുന്ന മലംച്ചുഴി, ഇത് ഇത്തിക്കര ആറിന്റെ ഏറ്റവും ആഴമേറിയ സ്ഥലമായി കണക്കാക്കുന്നു. ഈ സ്ഥലത്തിന്റെ ആഴം ഇതുവരെയും ആര്‍ക്കും തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല.
"സപ്തസാലമേഴുമങ്ങൊരമ്പുകൊണ്ട് സത്വരം ക്ലിപ്തമായ് പിളര്‍ന്നു നീ മുകുന്ദ രാമ പാഹിമാം"
സന്ധ്യാനാമം ജപിക്കുമ്പോള്‍ ഈ വരികള്‍ വരികള്‍ വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തിന് മുമ്പിലെ മലംച്ചുഴിയെയാണ് പ്രധിനിധാനം ചെയ്യുന്നത്.
About Temple
കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇത്തിക്കര ആറിന്റെ ഏറ്റവും വീതി കൂടിയതും, വീതി കുറഞ്ഞതുമായ ഭാഗവും, മൂന്നു വശവും ഇത്തിക്കരആറാല്‍ ചുറ്റപ്പെട്ട, പ്രകൃതി സൌന്ദര്യം നിറഞ്ഞു നില്കുന്നതുമായ ഒരു മഹാ ക്ഷേത്രമാണ് വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം. ഭഗവാന് ശ്രീരാമന്റെ പാദ സ്പര്ശമേറ്റു പുണ്യഭൂമിയായ ഇവിടം രാമായണത്തിലെ നിരവധി ഇതിഹാസങ്ങള്‍ക്ക് ചരിത്ര സാക്ഷ്യം വഹിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തിലെ ചെമ്പ് മേഞ്ഞ വൃത്ത ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്o കിഴക്കോട്ടു ദര്ശനമായിരിക്കുന്ന ശ്രീരാമനാണ്. ഇതേ കോവിലില്‍ തന്നെ പടിഞ്ഞാറോട്ട് ദര്‍ശനമായി ലക്ഷ്മണന് അനന്തഭാവത്തില്‍ കുടി കൊള്ളുന്നു. ക്ഷേത്രത്തില്‍ നാലു നേരം പൂജയും നിത്യ ശീവേലിയും ഉണ്ട്. തന്ത്രം കുഴിക്കട്ടില്ലം. മേടത്തിലെ തിരുവോണം മുതല്‍ 10 ദിവസം കൊടിയേറ്റ് ഉത്സവമാണ്. പ്രധാന നൈവേദ്യം പാല്പായസം. ആനക്കൊട്ടില്‍, ബലിക്കല്പുര, നാലമ്പലം, നമസ്കാര മണ്ഡപം, വലിയമ്പലം, തിടപ്പള്ളി, ഇവയെല്ലാം ഉള്ള ക്ഷേത്രത്തില്‍ നിത്യവും നൂറു കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുന്നു.